വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിക്കുറിപ്പുകള്‍

1886

1886 ചിങ്ങം 30. അന്ത്യോഖ്യായുടെ മൂന്നാമത്തെ പത്രോസായ മാറാന്‍ മാര്‍ ഇഗ്നാത്തിയോസു ബാവായുടെയും അവിടെനിന്നു അയയ്ക്കപ്പെട്ടിരിക്കുന്ന തീബേലിന്‍റെ മാര്‍ ശെമഓന്‍ അത്താനാസ്യോസ് ബാവായുടെയും മലയാളത്തിന്‍റെ മാര്‍ യൗസേപ്പ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും കോട്ടയം ഇടവകയുടെ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെയും കണ്ടനാട് ഇടവകയുടെ മാര്‍ പൗലൂസ് ഈവാനിയോസ് മെത്രാപ്പോലീത്തായുടെയും അങ്കമാലി ഇടവകയുടെ മാര്‍ ഗീവറുഗീസ് കൂറിലോസു മെത്രാപ്പോലീത്തായുടെയും തിരുവിതാംകോട്ടെ മൂലം തിരുനാള്‍ മഹാരാജാവിന്‍റെയും ദിവസങ്ങളില്‍ വട്ടശ്ശേരില്‍ യൗസേപ്പ് ഗീവറുഗീസ് കത്തനാരാല്‍ ഈ ഡയറി എഴുതപ്പെടുവാന്‍ തുടങ്ങി.

കോട്ടയത്തു സിമ്മനാരിയില്‍ സുറിയാനി അസോസിയേഷന്‍ കമ്മിറ്റികൂടി. ഞാനും ഉണ്ടായിരുന്നു. കമ്മിറ്റി മൂന്നു ദിവസത്തേക്ക് ഉണ്ടായിരുന്നു. ആലോചിച്ചു നിശ്ചയിച്ച കാര്യങ്ങളുടെ ചുരുക്കം താഴെപ്പറയുന്നു. ആലപ്പുഴ ജില്ലയിലും ഹൈക്കോര്‍ട്ടിലും വിധിച്ചുകിട്ടിയിരിക്കുന്ന കോട്ടയത്തു സിമ്മനാരിയുടെ സൊത്തുക്കളെയും വട്ടിപ്പണത്തേയും മറ്റും തീര്‍പ്പു നടത്തി കൈവശപ്പെടുത്തുന്നതിനു കോട്രസ്റ്റികളായി കോനാട്ടു യോഹന്നാന്‍ മല്പാനെയും കുന്നുംപുറത്തു കോര ഉലഹന്നാനേയും കമ്മിട്ടിക്കാരും പള്ളിക്കാരും കൂടി അധികാരപ്പെടുത്തി. നമ്പറിന്‍റെ അപ്പീല്‍ ചിലവിലേക്കു 7000 രൂപ വേണ്ടിയിരിക്കുന്നതിനാല്‍ ആയതു പള്ളികളില്‍ നിന്നു അതാതിന്‍റെ യഥാശക്തിപോലെ എടുക്കണമെന്നു നിശ്ചയിച്ചു. തുലാമാസം ഒന്നു മുതല്‍ പഠിത്വം സിമ്മനാരിയില്‍ തന്നെ തുടങ്ങണമെന്നു നിശ്ചയിച്ചു. അതിലേക്കുള്ള ചെലവു വകയ്ക്ക് എല്ലാ പള്ളികളില്‍ നിന്നു പിടിയരിയും പള്ളികളിലെ വരവില്‍ നിന്നു നൂറ്റുക്ക് അഞ്ചു കമ്മീഷനും പിരിക്കേണമെന്നു മൂന്നു സംവത്സരത്തേക്കു എല്ലാവരെയും ക്ലാസ്സു തിരിച്ച് ഒരു പിരിവ് എടുക്കണമെന്നും നിശ്ചയിച്ചു. പഠിത്വം നടത്തുന്നതിനുള്ള മേല്‍വിചാരത്തിനു മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായേയും പഠിപ്പിക്കുന്നതിനു കോനാട്ടു മത്തായി കത്തനാരെയും എന്നെയും നിശ്ചയിച്ചു.

എന്നാല്‍ പരുമല ജോലി നിമിത്തവും മറ്റു ചില കാരണങ്ങളാലും ഇനിക്കു ഇങ്ങോട്ടു പോരുന്നതിനു അത്ര മനസ്സുണ്ടായിരുന്നില്ല. പരുമലെ പഠിച്ചുവന്ന ശെമ്മാശന്മാരും കുട്ടികളും നിശ്ചയിച്ച അവധിക്കു തന്നെ ഇവിടെ വന്നുചേരുന്നതിന് ഞാന്‍ അവര്‍ക്ക് എഴുതി അയച്ചു. ഞാന്‍ വരുന്നില്ലാ എന്ന അറിവുകൊണ്ട് നിശ്ചയിച്ച തീയതി അവര്‍ വന്നുചേര്‍ന്നില്ല. എന്നാല്‍ ഞങ്ങളുടെ നിര്‍ബന്ധം നിമിത്തം പിന്നത്തേതില്‍ ചിലരൊക്കെയും വളരെ ദുഃഖത്തോടുകൂടെ വന്നുചേര്‍ന്നു. നിശ്ചയിക്കപ്പെട്ട തീയതി ശെമ്മാശന്മാര്‍ വന്നുചേരാഞ്ഞതിനാല്‍ അന്നു പഠിത്വം തുടങ്ങിയില്ലെന്നു മാത്രമല്ല പിന്നത്തേതില്‍ പാമ്പാക്കുട അച്ചന്‍ വന്നാറെയും അദ്ദേഹത്തിന് ഒരു ജ്വരം തുടങ്ങുകയാല്‍ അല്പനാളേക്കു പഠിത്വം തുടങ്ങുവാന്‍ പാടില്ലാതിരുന്നു. ഇനിക്ക് ഇങ്ങോട്ടു പോരുന്നതിന് മനസ്സുണ്ടായിരുന്നില്ലെങ്കിലും വല്യതിരുമനസ്സിലെ നിര്‍ബന്ധത്താലും ശെമ്മാശന്മാരുടെ താല്പര്യത്താലും മറ്റും പോരണമെന്നു തന്നെ നിശ്ചയിച്ചു. 

ധനു 11. വ്യാഴാഴ്ച രാത്രി പരുമല നിന്നു വള്ളം കയറി. അപ്പോള്‍ ശെമ്മാശന്മാരില്‍ നിന്നും കുട്ടികളില്‍ നിന്നും ചിലരൊക്കെയും കൂടെ എന്നോടുകൂടെ പോരുന്നുണ്ടായിരുന്നു.

13. ശനിയാഴ്ച കാലത്തു ഇവിടെ എത്തി.

14. ശെമ്മാശന്മാരോടും മറ്റും ഞാന്‍ ഒരു ഗുണദോഷം പറഞ്ഞു.

15. കാലത്തെ ദൈവസഹായത്തെ യാചിച്ചുകൊണ്ടു പഠിത്വം നടത്തുവാന്‍ തുടങ്ങുകയും ചെയ്തു.

ഞാനും പാമ്പാക്കുട അച്ചനും തമ്മില്‍ സ്നേഹം ആയിരിക്കേണമെന്നും ഒരിക്കലും യാതൊരു ഉന്നതഭാവവും തമ്മില്‍ തമ്മില്‍ കാണിക്കരുതെന്നും മറ്റും ഞങ്ങള്‍ തമ്മില്‍ പറഞ്ഞു നിശ്ചയിച്ചു. ആയതു എന്നേക്കും നിലനില്ക്കുമാറാകട്ടെ.

1887

മകരം 29. കടമ്മനിട്ടെ പുത്തന്‍പുരയ്ക്കല്‍ ഗീവറുഗീസ് ശെമ്മാച്ചന്‍റെ കല്യാണത്തിനു വെണ്മണിയില്‍ എത്തുവാനായിട്ടു 4 മണിക്കു വള്ളം കയറി.

മകരം 30 പകല്‍ പന്ത്രണ്ടു മണിക്കു പരുമലെ എത്തി. ഉച്ചയോടുകൂടെ അവിടെനിന്നു വള്ളം കയറി മാവേലിക്കരയെത്തി. കരവഴിയായി സന്ധ്യയ്ക്കു വെണ്മണിയില്‍ എത്തി.

കുംഭം 1. ഞായറാഴ്ച വെളുപ്പിനു കൊച്ചുമെത്രാച്ചന്‍ തുമ്പമണ്‍ നിന്നു വെണ്മണിയില്‍ എത്തി. അന്നു കുര്‍ബ്ബാന ചൊല്ലിയതും വിവാഹം കഴിപ്പിച്ചതും മെത്രാച്ചന്‍ ആയിരുന്നു.

1887

മേടം 22. 20000 രൂപ കൊടുത്തയച്ചാല്‍ വിധി സമ്മതിച്ചു രാജിവച്ചേക്കാമെന്നു പാലക്കുന്നന്‍ സമ്മതിച്ചു പറഞ്ഞയച്ചതിനാല്‍ സായിപ്പിനോട് പണം വാങ്ങുവാനും രാജി ഉടമ്പടി ചെയ്യാനും ആയിട്ടു വല്യമെത്രാച്ചന്‍ ആലപ്പുഴയ്ക്ക് പോയി

23. മല്ലപ്പള്ളിക്കു പോകുവാനായി ഞാന്‍ തിരുവല്ലായില്‍ എത്തിയപ്പോള്‍ ഇപ്പോള്‍ പോകേണ്ട എന്നു കല്പിച്ചതിനാല്‍ പോയില്ല. അന്നു തിരുവല്ലായില്‍ പെരുന്നാള്‍ ആയിരുന്നു. അന്നു ഞാന്‍ അവിടെ താമസിച്ചു.

24. കൊച്ചുതിരുമനസ്സുകൊണ്ടു തിരുവല്ലായില്‍ നിന്നു കാരെക്കലേക്കു പോയപ്പോള്‍ കല്പിച്ചതിനാല്‍ ഞാനും കൂടെപോയി. കാരക്കല്‍ പെരുനാള്‍ ആയിരുന്നു. കുര്‍ബാനയും കഴിഞ്ഞു സന്ധ്യയോടെ അവിടെ നിന്നു പുറപ്പെട്ടു.

(വട്ടശ്ശേരില്‍ തിരുമേനി: മലങ്കരസഭയുടെ കോട്ട, പേജ് 236-239. ഈ കാലത്തെ ഡയറിക്കുറിപ്പുകള്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ഒ.സി. പബ്ലിക്കേഷന്‍സ്, കോട്ടയം, 2023)

പൊത്തന്‍പുറം മാര്‍ കുറിയാക്കോസ് ദയറാ

താബോര്‍ കുന്നു സ്ഥിതി ചെയ്യുന്നത് എട്ടോ ഒന്‍പതോ സുറിയാനിപള്ളികളുടെ മധ്യത്തിലാണ്. ദയറായെ മധ്യേയാക്കിക്കൊണ്ട് അഞ്ചുനാഴിക അകലെയായി ഒരു വൃത്തം വരച്ചാല്‍ അതിനുള്ളിലായി പാമ്പാടി വലിയപള്ളി, പാമ്പാടി ചെറിയപള്ളി, വടക്കു പടിഞ്ഞാറായി മീനടം കിഴക്കേപള്ളി, പടിഞ്ഞാറു രണ്ടു പള്ളികള്‍, തെക്കുമാറി തോട്ടയ്ക്കാട്ടു പള്ളി അഞ്ചുനാഴിക കിഴക്കായി വാഴൂര്‍ പള്ളി, കങ്ങഴ പള്ളി എന്നിങ്ങനെ ഒന്‍പതു പള്ളികള്‍ കാണാം. വലിയ എടുപ്പുകള്‍ ഒന്നും താബോര്‍ കുന്നില്‍ ഇല്ലായിരുന്നു. ചുറ്റുമുള്ള സമൃദ്ധമായ ഭൂമിയുടെയും മിതമായിട്ടെങ്കിലും ഐശ്വര്യമായി ജീവിക്കുന്ന കര്‍ഷക സമുദായത്തിന്‍റെയും സ്ഥിതി ആലോചിച്ചാല്‍ അടുത്തകാലത്തു താബോര്‍ ദയറാ ഒരു പ്രധാന സ്ഥാപനമായിത്തീരുമെന്ന് വിചാരിക്കാന്‍ ന്യായമുണ്ട്. മിക്കവാറും സമതലമെങ്കിലും നാലുവശത്തോട്ടും മന്ദഗതിയില്‍ ചരിഞ്ഞുകിടക്കുന്ന ദയറാസ്ഥലം 12 ഏക്കറില്‍ കുറയാതെ വിസ്തീര്‍ണ്ണമുള്ളതാണ്. കുന്നിന്‍പുറത്തു നിന്നാല്‍ പടിഞ്ഞാറു വളരെ ദൂരെ കാണപ്പെടുന്ന കായലും കടലോരങ്ങളും എത്രയും രമണീയങ്ങളത്രെ. ഈ സ്ഥലത്തെ ഒരു ദയറാ ആക്കിത്തീര്‍ക്കുന്നതിനു ഉത്സാഹിച്ച ആളും ഇപ്പോള്‍ അവിടെ പാര്‍ത്തുവരുന്ന ആളുമായ വ. ദി. ശ്രീ. കുറിയാക്കോസ് റമ്പാനവര്‍കളുടെ ശ്രമവും എത്രയും ശ്ലാഘനീയമാണ്.

(വട്ടശ്ശേരില്‍ തിരുമേനി: മലങ്കരസഭയുടെ കോട്ട, പേജ് 233-234)

107 ധനു, കോട്ടയം സെമിനാരി. ഇന്നലെ വൈകുന്നേരം ... നാലുപേര്‍ പാത്രിയര്‍ക്കീസ് കൊടുത്തയച്ചതാണെന്നു പറഞ്ഞ് അദ്ദേഹം മലങ്കരയ്ക്കു പ്രദാനം ചെയ്യുന്ന സമാധാന വ്യവസ്ഥകള്‍ മലയാളത്തില്‍ എഴുതിയ ഒരു കടലാസ് നമ്മുടെ അടുക്കല്‍ കൊണ്ടുവന്നു. അതിനു മറുപടി കൊടുക്കണമെന്നാവശ്യപ്പെട്ടു (ആ വ്യവസ്ഥകള്‍ മുഴുവന്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരം സ്ഥാപിച്ച് സ്വാധികാരം പ്രയോഗിച്ചു തരുന്നതായാണ്). ഇതുപോലെ ഒരു സമാധാനം നടക്കുകയില്ല. നിങ്ങള്‍ക്കു പറയാനുള്ളത് ഇ. ജെ. ജോണിനോടും മറ്റും പറഞ്ഞുകൊള്ളണം. പാത്രിയര്‍ക്കീസിനോടു പറയാനുള്ളത് നേരിട്ടു ധരിപ്പിച്ചുകൊള്ളാം എന്നവര്‍ക്ക് മറുപടി കൊടുത്തു. വ്യവസ്ഥകള്‍ എഴുതിയ കടലാസ് മടക്കിക്കൊടുക്കണമെന്നവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നത് അത് തന്നയച്ച ആളിനെ നിന്ദിക്കുന്നതായി തോന്നാമെന്നുള്ളതുകൊണ്ട് തന്നയയ്ക്കാന്‍ മടിയുണ്ട്. നിര്‍ബ്ബന്ധമാണെങ്കില്‍ കൊണ്ടുപോകാം എന്ന് മറുപടി കൊടുത്തശേഷം കടലാസ് ആവശ്യപ്പെട്ടില്ല.

ഇന്ന് ഉച്ചകഴിഞ്ഞ് നാമും ചെറിയമഠത്തില്‍ മല്പാനും മറ്റും പാണമ്പടിക്കല്‍ ചെന്ന് പാത്രിയര്‍ക്കീസിനെ കണ്ട് ഇന്നലെ കൊടുത്തയച്ച വ്യവസ്ഥകളെപ്പറ്റി സംസാരിച്ചു (സംസാരത്തെ സംബന്ധിച്ച് ഡയറിയില്‍ ഉള്ളത് അനുവാചകരുടെ സൗകര്യം ഉദ്ദേശിച്ച് സംഭാഷണരീതിയില്‍ പരാവര്‍ത്തനം ചെയ്തു ചേര്‍ക്കുന്നു).

പാത്രിയര്‍ക്കീസ്: നാം കൊടുത്തയച്ച വ്യവസ്ഥകളാണ്. അതനുസരിച്ചാണെങ്കില്‍ സമാധാനം നടക്കും.

മെത്രാപ്പോലീത്താ: ഇപ്പോള്‍ പ്രധാന വാദമുഖമായിരിക്കുന്നത് കാതോലിക്കായെ സംബന്ധിച്ച സംഗതികളാണ്. അതെപ്പറ്റി ഇതിലൊന്നും കാണുന്നില്ല. ഇരുഭാഗത്തെയും മേല്പട്ടക്കാരെയും അന്യോന്യം അതതു സ്ഥാനങ്ങളില്‍ സ്വീകരിക്കണം. അല്ലാതെ സമാധാനമുണ്ടാകയില്ല. അക്കാര്യം ഇതില്‍ കാണുന്നില്ല.

പാത്രി: നിങ്ങള്‍ ഇതുവരെ കാതോലിക്കായെ തരണമെന്നാവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടാല്‍ അനുവദിക്കാന്‍ നിവൃത്തിയുമില്ല. കാതോലിക്കാ ഉണ്ടായാല്‍ പിന്നെ അന്ത്യോഖ്യായും മലങ്കരസഭയും തമ്മിലുള്ള ബന്ധമെന്താണ്.

മെത്രാ: കാതോലിക്കായെ ഞങ്ങള്‍ക്കു അനുവദിക്കേണ്ടാ. അതിന് അപേക്ഷയുമില്ല. കാനോനിക പാത്രിയര്‍ക്കീസ് നിയമാനുസരണം കാതോലിക്കായെ വാഴിക്കുകയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആ കാതോലിക്കായെ സ്വീകരിക്കണമെന്നേ പറയുന്നുള്ളു. കാതോലിക്കായും പാത്രിയര്‍ക്കീസും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് ഇരുഭാഗത്തെയും ഏതാനും മാന്യന്മാര്‍ തിരുവനന്തപുരത്തു കൂടി എഴുതിയതും പാലാമ്പടം വക്കീല്‍ ഇവിടെ കൊണ്ടു വന്നു തന്നതും ആയ വ്യവസ്ഥകളില്‍ ഒരു വിധം എല്ലാ സംഗതികളും കാണിച്ചിട്ടുണ്ട്.

പാത്രി: അങ്ങനെ ഒന്ന് പാലാമ്പടം കൊണ്ടുവന്നിട്ടില്ല. അയാള്‍ അഭിപ്രായസ്ഥിരത ഇല്ലാത്തവനാണ്. പലപ്പോള്‍ പല വ്യവസ്ഥകള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ ഏതാണ് തിരുവനന്തപുരം വ്യവസ്ഥ?

മെത്രാ: പാലാമ്പടം ആ ഭാഗത്തെ വിശ്വസ്തനും ഭക്തിയുള്ളവനുമായ ഒരു മാന്യനാണ്. അയാള്‍ തിരുവനന്തപുരം വ്യവസ്ഥകള്‍ ഇവിടെ ഏല്പിച്ചിട്ടുണ്ട്.

അതിനെ തുടര്‍ന്ന് അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസിന്‍റെ പട്ടത്വത്തെയും സ്ഥാനത്തെയുംപറ്റി ഞങ്ങള്‍ തമ്മില്‍ മര്‍ദ്ദീനില്‍ വച്ചും മറ്റും സംസാരിച്ചിട്ടുള്ളത് ആവര്‍ത്തിച്ചു.

പാത്രി: ഇവിടത്തെ വഴക്കുകള്‍ക്കും അനാവശ്യ ചെലവുകള്‍ക്കും സഭയുടെ അധഃപതനത്തിനും ഇടയാക്കി.

മെത്രാ: മലയാളത്തുണ്ടായിട്ടുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും അധഃപതനത്തിനും കാരണക്കാരന്‍ അബ്ദള്ളാ പാത്രിയര്‍ക്കീസാണ്, നാമല്ല.

പാത്രി: ഇവിടെ സമാധാനം ഉണ്ടാക്കുന്ന കാര്യത്തില്‍ ആശ ഒന്നും കാണുന്നില്ല. നാം ഒരു മാസത്തിനകം മടങ്ങിപ്പോകുന്നതാണ്.

മെത്രാ: കാതോലിക്കായേയും മലങ്കര സമുദായ സമാധാനത്തെയും പറ്റി വല്ലതും ആലോചിപ്പാനൊ പറവാനൊ ഉണ്ടെങ്കില്‍ നമ്മെ ബുദ്ധിമുട്ടിക്കേണ്ടതില്ല. ജോണ്‍ വക്കീലിനോടു ചോദിച്ചുകൊണ്ടാല്‍ മതി. നമ്മെ സംബന്ധിച്ച് വല്ലതും അറിയാനുണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. അവിടത്തെ വ്യവസ്ഥകളില്‍ മലങ്കരമെത്രാനു പകരം റീശുമെത്രാനെ തരാമെന്ന് പറഞ്ഞിട്ടുള്ളതില്‍ കാണുന്നപ്രകാരമുള്ള അധികാരങ്ങളെയും സ്വാതന്ത്യത്തെയുംകാള്‍ കൂടുതല്‍ കോര്‍ട്ടുവിധികളാലും പത്രോസ് തൃതീയന്‍റേത് തുടങ്ങിയുള്ള മറ്റു രേഖകളാലും മലങ്കരമെത്രാനുണ്ട്. നമുക്ക് അതില്‍ കൂടുതലായി യാതൊരു സ്ഥാനവും വേണ്ട. സമാധാനം ഉണ്ടാകാതെ നാം സ്ഥാനം ഒഴിയുകയില്ല. അതുവരെ നമ്മുടെ സ്ഥാനത്തിനുവേണ്ടി ആവശ്യമെന്നു വന്നാല്‍ യുദ്ധം ചെയ്കയും ചെയ്യും.  ഇപ്പോഴത്തെ വ്യവസ്ഥകള്‍ അനുസരിച്ച് സമാധാനം നടക്കുകയില്ല. നമുക്ക് പറയാനുള്ളത് കുറെ എല്ലാം ധരിപ്പിച്ചു. കൂടെ നില്‍ക്കുന്ന സ്കറിയാ റൈട്ടറെ (പരദേശി) സെമിനാരിയിലേക്കയച്ചാല്‍ അയാളോട് കൂടുതല്‍ വിവരങ്ങള്‍ പറയാം. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അവിടേക്കു ഗ്രഹിക്കാന്‍ സാധിക്കും. ڈ

അതിനു സൌകര്യമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഒടുവില്‍ ആലോചിക്കാമെന്ന് പറഞ്ഞ് തമ്മില്‍ പിരിഞ്ഞു. ഇന്നത്തെ കൂടിക്കാഴ്ചയുടെ ഫലം വലിയ ശുഭമായിട്ടല്ല കാണുന്നത്. യാത്ര പറഞ്ഞ സമയം പാത്രിയര്‍ക്കീസ് പറഞ്ഞു: 'തിരുവനന്തപുരം വ്യവസ്ഥകള്‍ കണ്ടാല്‍ കൊള്ളാം.'

മെത്രാ: പാലാമ്പടം വക്കീല്‍ മുഖാന്തരം അയപ്പിക്കാന്‍ ശട്ടം കെട്ടാം.

പാണമ്പടിക്കല്‍ നിന്ന് പോന്നപ്പോള്‍ മണി അഞ്ചര ആയി. ഒന്നര മണിക്കൂര്‍ നേരം സംസാരിച്ചു.

1107 കുംഭം 1: ഏലിയാസ് പാത്രിയര്‍ക്കീസ് കാലം ചെയ്തതായും മറ്റും കമ്പി വരികയാല്‍ ഓമല്ലൂര്‍ മഞ്ഞനിക്കര പള്ളിയിലേക്കു പോയി.' 

കുംഭം 2: മാക്കാംകുന്നു സ്കൂളില്‍ നിന്ന് കോട്ടയത്തു വന്നു. 

(ഇസ്സഡ്. എം. പാറേട്ട് രചിച്ച മലങ്കര നസ്രാണികള്‍ നാലാം വാല്യത്തില്‍ നിന്നും, എം.ഒ.സി. പതിപ്പ്, 2015, പേജ് 526-529)

Comments

Popular posts from this blog

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

എഴുത്തുകളുടെ നമ്പര്‍ ബുക്ക് | പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)