പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

'മലങ്കരസഭാ ഭാസുരന്‍' എന്ന അഭിധാനത്താല്‍ അറിയപ്പെടുന്നു. മലങ്കര സഭയുടെ സ്വാതന്ത്ര്യശില്പിയും, കര്‍മ്മധീരനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു. മല്ലപ്പള്ളി വട്ടശ്ശേരില്‍ യൗസേഫിന്‍റെയും ഏലിയുടെയും മകനായി 1858 ഒക്ടോബര്‍ 31-നു ജാതനായി. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു നടത്തിയശേഷം കോട്ടയം സി.എം.എസ്. സ്കൂളില്‍ പഠിച്ചു. 1876-ല്‍ മസ്മ്രോനോ സ്ഥാനവും, 1879-ല്‍ പൂര്‍ണ്ണ ശെമ്മാശുപട്ടവും, 1880 ജനുവരിയില്‍ കശീശാസ്ഥാനവും ഏറ്റു. പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ശിഷ്യനായി അഭ്യസിച്ച് സുറിയാനിയിലും വേദശാസ്ത്രത്തിലും പാണ്ഡിത്യം നേടി. 1886-ല്‍ പഴയസെമിനാരിയില്‍ മല്പാനായി നിയമിക്കപ്പെട്ടു. സഹപ്രവര്‍ത്തകനായിരുന്ന കോനാട്ടു മാത്തന്‍ മല്പാനും ചേര്‍ന്നു കുര്‍ബ്ബാനക്രമം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരമല്പാന്‍ സ്ഥാനം നല്‍കി ആദരിച്ചു. എട്ടു വര്‍ഷം എം.ഡി. സെമിനാരി ഹൈസ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു. 1903 നവംബര്‍ 2-ന് പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ റമ്പാനായി.

1908 ഫെബ്രുവരി 27-ന് പഴയസെമിനാരിയില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗം, വട്ടശേരില്‍ ഗീവര്‍ഗീസ് റമ്പാനെ ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ പിന്‍ഗാമിയായി മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1908 മെയ് 31-ന് യെരുശലേമില്‍ വച്ച് അന്ത്യോഖ്യയുടെ മാര്‍ അബ്ദുള്ളാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് 'മാര്‍ ദീവന്നാസ്യോസ്' എന്ന പേരില്‍ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റും പിന്‍ഗാമിയുമായി വാഴിച്ചു. 1909-ല്‍ മലങ്കര മെത്രാപ്പോലീത്തായായി. 1912-ല്‍ മലങ്കരസഭയുടെ സ്വയംശീര്‍ഷകത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായ കാതോലിക്കേറ്റ് ഇവിടെ സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി. മലങ്കരസഭയുടെ പൈതൃകമായ സ്വാതന്ത്ര്യവും, വ്യക്തിത്വവും പരദേശികള്‍ക്കു പണയപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയില്ല. സഭയുടെ സ്വാതന്ത്ര്യത്തിനും യോജിപ്പിനുമായി നിരവധി വ്യവഹാരങ്ങള്‍ നടത്തി വിജയിച്ചു. 1911-ല്‍ ആരംഭിച്ച സഭയിലെ കക്ഷിവഴക്ക് തീര്‍ക്കുവാന്‍ ഒട്ടേറെ ശ്രമങ്ങള്‍ അദ്ദേഹം നടത്തിയെങ്കിലും സഭായോജിപ്പു കാണാന്‍ കഴിയാതെ എഴുപത്തിയാറാം വയസ്സില്‍ 1934 ഫെബ്രുവരി 23-നു പഴയസെമിനാരിയില്‍ വച്ചു കാലംചെയ്തു. പിറ്റേദിവസം അവിടെത്തന്നെ കബറടക്കി.  മലങ്കര ഓര്‍ത്തഡോക്സ് സഭ 2003 ഫെബ്രുവരി 24-ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഗ്രന്ഥങ്ങള്‍: മതോപദേശ സാരങ്ങള്‍, സുറിയാനി ഒന്നാം പാഠം.

Comments

Popular posts from this blog

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

എഴുത്തുകളുടെ നമ്പര്‍ ബുക്ക് | പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)